നെടുങ്ങണ്ട ഒന്നാംപാലം പണി പൂര്‍ത്തിയായി...



തീരദേശമേഖലയുടെ വികസനത്തിനും യാത്രാസൗകര്യത്തിനും ഏറെ പ്രതീക്ഷ നല്കുന്ന അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാംപാലം പണി തടസ്സങ്ങള്‍ നീക്കി യാഥാര്‍ത്ഥ്യമായി.

വര്‍ക്കല-കടയ്ക്കാവൂര്‍ റോഡിലുള്ള പാലത്തിന്റെ മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. അപ്രോച്ച് റോഡിന്റെയും പാലത്തിലെയും ടാറിംഗുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫുട്പാത്തിന്റെയും കൈവരികളുടെയും നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അഞ്ചുതെങ്ങ്-വെട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടി. എസ്. കനാലിന് കുറുകെയുള്ള പാലത്തിന് 2005 ജൂണ്‍ 29നാണ് തറക്കല്ലിട്ടത്. നബാര്‍ഡിന്റെ പദ്ധതിയിലുള്‍പ്പെടുത്തി 9. 45 കോടിയുടെ എസ്റ്റിമേറ്റിലാണ് പാലംപണി തുടങ്ങിയത്. തുടക്കത്തില്‍ നന്നായി നടന്ന പണി 2009ല്‍ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ നിലച്ചു.

സാധനസാമഗ്രികളുടെ വില വര്‍ധിച്ചതിനാല്‍ തുക വര്‍ധിപ്പിച്ച് നല്കണമെന്ന് കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ചതോടെ കോണ്‍ട്രാക്ടര്‍ പണി പാതിവഴിയിലുപേക്ഷിച്ച് മടങ്ങി. രണ്ട് വര്‍ഷത്തോളം പണി നിലച്ചു. ഒന്നാംപാലത്തിന് തറക്കല്ലിട്ട ദിവസം പണി തുടങ്ങിയ മീരാന്‍കടവ് പാലം 2009ല്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനവും നടത്തി. രണ്ടാമത് ടെന്‍ഡര്‍ നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. റീടെന്‍ഡര്‍ നടത്തിയപ്പോഴാണ് പുതിയ കോണ്‍ട്രാക്ടര്‍ പണി ഏറ്റെടുത്തത്. രണ്ടാംഘട്ടമായി സ്റ്റിമിലസ് പാക്കേജ് ഫണ്ടില്‍ 2. 20 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് 2011ല്‍ വീണ്ടും പണി തുടങ്ങിയത്. സ്പാനുകള്‍ ഉള്‍പ്പെടെ പ്രധാനജോലിയെല്ലാം രണ്ടാംഘട്ടത്തിലാണ് ചെയ്തത്. ഒന്നര വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാന്‍ കനാലിനോട് ചേര്‍ന്നുള്ള തൂണുകളുടെ സമീപത്തെ മണ്ണൊലിച്ച് പോകാതിരിക്കാന്‍ പാര്‍ശ്വഭിത്തി കെട്ടുന്ന ജോലി നടന്നുവരികയാണ്.

പാലം വരുന്നതോടെ മത്സ്യ-കയര്‍ മേഖലകള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനും തീരദേശമേഖലയുടെ സമഗ്രവികസനത്തിനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതലപ്പൊഴി മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ സമാന്തരറോഡായി ഉപയോഗിക്കാനും ദേശീയപാതയിലെ തിരക്ക് കുറയ്ക്കാനും സാധിക്കും.

ഉത്ഘാടന ചടങ്ങുകൾക്കും മറ്റുമായി ഭരണാതികാരികളുടെ സമയംകൂടി തരപ്പെടുകയാണെങ്കിൽ അഞ്ചുതെങ്ങ് നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നപദ്ധതി ഉടൻതന്നെ പോതുജനങ്ങൾക്കായ് തുറന്നുകിട്ടും.



0 comments: